2009, മാർച്ച് 3, ചൊവ്വാഴ്ച

ചോദ്യങ്ങൾക്ക്‌ ജോൺ അബ്രഹാമിന്റെ മറുപടി

തീവ്രമായ സാമൂഹിക പ്രതിബദ്ധതയാണല്ലോ താങ്കളുടെ ചിത്രങ്ങളുടെ പ്രത്യേകത.ഇത്‌ എങ്ങിനെ ന്യായീകരിക്കപ്പെടുന്നു?..
ഒരുsocial point of view ഇല്ലെങ്കിൽ ഞാനൊന്നുമാകുന്നില്ല.സമൂഹത്തിന്റെ ഭാഗധേയത്തിൽ ഭാഗഭാക്കായിക്കൊണ്ട്‌ മാത്രമേ എനിക്കെന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കാനാവൂ.ജനങ്ങളുടെ നന്മക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യുക .അവൻ മാന്യനാണെന്ന് അവനെത്തന്നെ ബോദ്ധ്യപ്പെടുത്തുക. അതാണെന്റെ ലക്ഷ്യം ജനങ്ങളോട്‌ ചിലസത്യങ്ങൾ വിളിച്ചു പറയണ മെന്ന് തോന്നുമ്പോഴാണ`ഞാൻ സ്രഷ്ടാവാകുന്നത്‌:സിനിമയെടുക്കുന്നത്‌.സിനിമ കലാപരമാകണമെങ്കിൽ അത്‌ ജനകീയമാകണമെന്ന് തന്നെയാണ് എന്റെ വിശ്വാസം.എന്റെ സിനിമ ജനങ്ങൾകാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക്‌ നിർബന്ധമുണ്ട്‌. ചായക്കടയിൽ നിന്നും ചായകുടിച്ചതിന്ന് അച്ഛന്റെ കൈയിൽ നിന്നും അടി വാങ്ങിയവനാണ് ഞാൻ.അത്തരം നിശിത സ്വഭാവമുള്ള ഒരു ഫ്യൂഡൽ കുടുംബത്തിൽ ജനിച്ച ഞാൻ സത്യസന്ധനായ ഒരു കമ്യൂണിസ്റ്റായിരിക്കാൻ ആഗ്രഹിക്കുന്നു.എന്റെ സാമൂഹ്യ ദർശ്ശനത്തിന്റെ വേരുകൾ ഈ വൈരുദ്ധ്യത്തിലാണ`
അപ്പോൾ വ്യക്തിനിഷ്ടമായ മരണമോ?
ഞാനൊരു ചിരഞ്ജീവിയല്ല;.എല്ലാം ഭൗതികാർത്ഥത്തിൽ കാണുന്നതാണ` എനിക്കിഷ്ടം .കണ്ടു പിടിക്കപ്പെടാത്ത പ്രതിഭാസങ്ങളും യാഥാർത്ഥ്യങ്ങളാണ`.ഇന്നെല്ലങ്കിൽ നാളെ അവയെ പൊതിയുന്ന നിഗൂഡതയുടെ ആവരണങ്ങൾ കൊഴിഞ്ഞുപോവാതെ തരമില്ലമരണവും മെറ്റീരിയലായ ഒരു യാഥാർത്ഥ്യം മാത്രമാണ്.ചിരഞ്ജീവിത്വം.കിനാവുകാണുന്നവനാണ് മരണത്തെ സമസ്യയായി കാണുന്നതും ആ വ്യാകുലതയുടെ ബലിയാടായിത്തീരുന്നതും .എന്നെ സംബന്ധിച്ചിടത്തോളം കലാകാരനെന്നവ്യക്തി സെൻസിബിലിറ്റിയുള്ള സാമൂഹികാംശം എന്നതിൽ കവിഞ്ഞൊന്നുമല്ല.
അപ്പോൾ വ്യക്തിപരമായ ശൈഥില്യത്തിന്റെ ന്യായീകരണം?
ഞാൻ എല്ലാം തികഞ്ഞ ഒരു മനുഷ്യനല്ല.എനിക്കും പോരായ്മകളും ശൈഥില്യങ്ങളുമുണ്ട്‌.സൃഷ്ടിയിൽ വ്യക്തി അപ്രസക്തനാണ്.ഓടയിൽകിടക്കുന്നവനും സുന്ദരമായിപാടാൻ കഴിയും. എന്റെ ശൈഥില്യം സൃഷ്ടിയെ സ്വാധീനിക്കാറില്ല.I do best for the society.സ്രഷ്ടാവാകുമ്പോൾ ഞാൻ ഞാനാകുന്നു.ഈ മണ്ണിന്റെയും മനുഷ്യരുടെയും മണം മറന്ന് എനിക്കൊന്നും ചെയ്യാനാവില്ല.
ചലച്ചിത്രാവബോധമുള്ള ഒരു മനുഷ്യന് ചലച്ചിത്രത്തിന്റെ താങ്ങാനാവാത്ത സാമ്പത്തിക വ്യയം നിമിത്തം സ്വന്തം സൃഷ്ടിയുടെ സാഫല്യം അനുഭവിക്കാൻ കഴിയാതെ വരുന്നു.ഇത്‌ ചലച്ചിത്ര മാദ്ധ്യമത്തിന്റെ ഒരു ദൗർബല്യമായി താങ്കൾ കരുതുന്നുണ്ടോ? എങ്കിൽ ഒരു പോംവഴി നിർദ്ദേശിക്കാമോ?
ദൗർബല്യമായി ഞാൻ കാണുന്നില്ല .സിനിമ എടുക്കാൻ ആഗ്രഹിക്കുന്നവൻ പണമുണ്ടാക്കാനും ബദ്ധ്യസ്ഥനാണ്.എന്റെ കയ്യിൽ പണമില്ല ഞാൻ ദരിദ്രനാണ്.അതു കൊണ്ട്‌ ഞാൻ സിനിമ എടുക്കാതിരിക്കണോ? പേപ്പറും പേനയും ഇല്ലെന്നുവെച്ച്‌ ആരെങ്കിലും കവിത എഴുതാതിരിക്കാറുണ്ടോ? എനിക്കിപ്പോൾ സിനിമ എടുക്കണമെന്ന് തോന്നി.പച്ചയായ ചില യാഥത്ഥ്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നത്‌ എന്റെ ആത്മാവിന്റെ വിളിയാണ്.അതിനായി ഞാൻ ജനങ്ങളെ organise ചെയ്തു. അത്‌ തീരുമാനത്തിന്റെയും നട്ടെല്ലിന്റെയും പ്രശ്നമാണ്.ഞാൻ ജനങ്ങൾക്ക്‌ വേണ്ടിയാണ് തീരുമാനിച്ചത്‌.അവരിൽ നിന്നും പിരിച്ചെടുത്ത ചില്ലിക്കാശുകളാണ് എന്റെകരുത്ത്‌.എന്റെ പുതിയ ചിത്രത്തിന്റെ[ അമ്മ അറിയാൻ ]ഷൂട്ടിങ്ങിന്നിടയിൽ തൃശ്ശുർ ബസ്സ്സ്റ്റാന്റിലെ പത്രക്കച്ചവടക്കാരനായ പയ്യൻ സംഭാവന ചെയ്ത രണ്ട്‌ രൂപ എനിക്ക്‌ രണ്ട്‌ ലക്ഷത്തിന്റെ കരുത്താണ` തരുന്നത്‌.ഞാൻ അവരുടെ ഭാഗത്താണെന്ന് അവർക്ക്‌ ബോധ്യമായി.ഞാൻ എന്റെ സിനിമ ആദ്യം കാണിക്കുന്നത്‌ അവരെയായിരിക്കും.എനിക്ക്‌ മുഖം മൂടികളും അത്‌ വഴി നേടുന്ന പണവും ആവിശ്യമില്ല .
ചലച്ചിത്ര നിർമ്മാണത്തിൽ ഛയാഗ്രഹണം,സംഗീതം,അഭിനയം തുടങ്ങിയ ഘടകങ്ങളുടെസർഗ്ഗാത്മകമായ പ്രസക്തിയെതാങ്കൾ അംഗീകരിക്കാറുണ്ടോ?എങ്കിലവയുടെ സജീവ സാന്നിദ്ധ്യത്തിൽ താങ്കളുടെ ദർശ്ശനം എങ്ങിനെ സാക്ഷാൽക്കരിക്കപ്പെടുന്നു ?
ഞാൻ അംഗീകരിക്കാറുണ്ട്‌. അവരുടെ ന്ര്ദ്ദേശങ്ങൾ കേൾക്കാറുണ്ട്‌.എന്നാൽ അവർ എനിക്ക്‌ വേണ്ടിയാണ്workചെയ്യുന്നത്‌,എന്റെ ആശയത്തിന്റെ സാക്ഷാത്ക്കാരത്തിന്ന് വേടിയാണ`അവർ കേമറ ചലിപ്പിക്കുന്നതും അഭിനയിക്കുന്നതും .അവിടെ വിട്ടുവീഴ്ച്ചയുടെ പ്രശ്നമേ ഇല്ല.അവരുടെ നിർദ്ദേശങ്ങൾ ഞാൻ സ്വീകരിക്കുമ്പോൾ എന്റെ സൃഷ്ടിയിലേക്കുള്ള അവരുടെ സംഭാവനയാണത്‌.Taht is creativity. ഞാൻ ആത്മസാക്ഷാത്ക്കാരത്തിന്ന് വേണ്ടി പടം എടുക്കാറില്ല.Self expression is a masterversionഇതാണ് എന്റെ കാഴ്ച്ചപ്പാട്‌.സ്ത്രീപുരുഷ സംയോഗത്തിലൂടെ മാത്രമേ സൃഷ്ടിയുടെ സാഫല്യം ഉണ്ടാകൂ എന്നു പറയുന്നതു പോലെ കല പൂർണ്ണമാകണമെങ്കിൽ സാമൂഹിക കാഴ്ച്ചപ്പാടുമായി എന്റെ ആശയം സംയോഗം നടത്തണം .I am a social being .സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട്‌ ഒരു അസ്തിത്വമില്ല.
നിയതമായ ഒരു രൂപഘടനയ്ക്കുള്ളിൽ ഒതുങ്ങുന്നതല്ല ചലച്ചിത്രമാദ്ധ്യമം എന്നിരിക്കിലും എന്തു കൊണ്ടാണ് കാതലായി പുത്തൻ പരീക്ഷണങ്ങൾ നമ്മുടെ സിനിമയിലുണ്ടാകാത്തത്‌?
ധാരണ തന്നെ തെറ്റാണ്.കാലബന്ധിയായ ഒരു രൂപഘടന ചലച്ചിത്രം എന്നും പുലർത്തി പോന്നിരുന്നു. അതിന്ന് കാലാകാലങ്ങളിൽ പരീക്ഷണങ്ങളെയും മാറ്റങ്ങളെയും നേരിടേണ്ടതായി വന്നിട്ടുണ്ട്‌.1952ൽ പി ഭാസ്കരനും രാമുകാര്യാട്ടും 'നീലക്കുയിൽ'നിർമ്മിച്ചപ്പോൾ അതിന്ന് വ്യത്യസ്ഥമെന്ന് പറയാവുന്ന ഒരു ഘടനയുണ്ടായിരുന്നു.'സദാരമ'തുടങ്ങിയ തമിഴ്‌ ചിത്രങ്ങളുടെ പാരമ്പര്യം പിന്തുടരുന്ന ഒരു ഘടന .മൂന്ന് തലമുറകളുടെ കഥ ഒന്നര മണിക്കൂറിൽ പറഞ്ഞുതീർക്കാൻ കഴിയുന്നു.നമ്മുടെ സിനിമയ്ക്ക്‌ വളരെ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. 1948-ലെ ഹിറ്റ്‌ ചിത്രമായിരുന്ന'ജീവിത നൗക' പോലെയാണോ ഇന്ന് ഐ വി ശശിയുടെ ചിത്രങ്ങൾ?
ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥയെപ്പറ്റി എന്താണഭിപ്രായം?
പരമബോറ്മോശമെന്ന് പറയാൻ വയ്യ.കാരണം അതിനേക്കാൾ മോശമാണ് ഇന്നത്തെ അവസ്ഥ.
മലയാള സിനിമയിൽ പ്രതീക്ഷ ഉണർത്തുന്ന പുതിയ സനിധായകർ ആരെങ്കിലു മുണ്ടോ? [ചിരിച്ചുകോണ്ട്‌] ഞാൻ മാത്രമേയുള്ളൂ.
എഴുപതുകളിൽ മലയാളത്തിൽ അലയടിച്ച സിനിമാവേശത്തിന്റെ ചൂടിൽ ഉയിരെടുത്ത അനേകം സിനിമകൾ ഇപ്പോഴും കാണാതെ കിടപ്പുണ്ടല്ലോ.അവ റിലീസ്‌ ചെയ്യാൻ ക്രിയാത്മകമായ മാർഗ്ഗങ്ങൾ എന്റെങ്കിലുമുണ്ടോ?.
അതിനു വേണ്ടിയാണ് ഒഡേസ മൂവീസ്‌ രൂപം കൊണ്ടിട്ടുള്ളത്‌. സിനിമയെ ജനകീയ മാക്കുകയാണ് ലക്ഷ്യം .വെളിച്ചം കാണാതെ കിടക്കുന്ന ചിത്രങ്ങൾ നല്ലവയാണെങ്കിൽ പുറത്ത്‌ കോണ്ടുവന്ന് പ്രദർശ്ശിപ്പിക്കാൻ ഒഡേസശ്രമിക്കും.
ഒഡേസയുടെ പ്രവർത്തനങ്ങൾ ഒന്നുകൂടെ വ്യക്തമാക്കാമോ?
കേരളീയ കലകൾ കാശിന്ന് വേണ്ടി കളിച്ചു വളർന്നവയല്ല.ഗോത്ര സംഘങ്ങളിലൂടെയും അമ്പലപ്പറമ്പുകളിലൂടെയുമായിരുന്നു അതിന്റെ വളർച്ച .അത്തരം ഒരു അവസ്ഥയിലേക്ക്‌ സിനിമയും മാറണം.സിനിമയ്കൊരു സാമൂഹ്യ സ്വഭാവമുണ്ട്‌.അതുകൊണ്ട്തന്നെയാണ് സിനിമ ഇന്നും നിലനിൽക്കുന്നത്‌ . ടി വി സിനിമക്കൊരു ഭീഷണിയാണെന്ന് എല്ലാവരും നിലവിളിച്ചു .യൂറോപ്പിൽ സിനിമ നശിച്ചുവോ? അതെ, സിനിമയ്ക്കൊരു സാമൂഹികമായ ഒരു ഒത്തു ചേരലിന്റെ സ്വഭാവമുണ്ട്‌.ഒഡേസ ലക്ഷ്യം വെക്കുന്നതും അതു തന്നെയാണ്.ഗ്രാമങ്ങളിലും നഗരങ്ങളിലും ചേരികളിലുമൊക്കെയായി പന്ത്രണ്ട്‌ ലക്ഷം ജനങ്ങൾ ഇതിനകം തന്നെ ഒഡേസയുടെ ചിത്രങ്ങൾ കണ്ടുകഴിഞ്ഞു .ഇവിടുത്തെ പ്രമുഖർക്കൊന്നും ചെയ്യാൻ കഴിയാത്തതാണ് ഒഡേസ ചെയ്യുന്നത്‌.ഇതൊരു വലിയ പ്രവർത്തനമാണ്.
സിനിമക്ക്‌ സെൻസർ ഷിപ്പ്‌ ആവശ്യമുണ്ടോ?എന്തുകൊണ്ട്‌?

. ഇന്നത്തേത്‌ സെൻസിബിലിറ്റിയുള്ള ഒരു സെൻസർഷിപ്പല്ല .ഒരു പോലീസുകാരന്ന് അഞ്ചുരൂപ കൈക്കൂലി കൊടുക്കുന്നത്‌ കാണിക്കുന്നതിന് തടസ്സമാകുന്ന ഒരു സെൻഷർഷിപ്പ്‌ നമുക്കാവശ്യമില്ല ഇവിടുത്തെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന സിനിമകളൊക്കെ നിരോധിക്കണം ഞാൻ സെക്സിന്ന് എതിരല്ല.സിനിമക്ക്‌ കിടപ്പറ രംഗമോ നഗ്നതയോ ആവശ്യമാണെങ്കിൽ കാണിക്കുന്നതാവണം.പക്ഷെ അതിനൊക്കെ സെൻസിബിലിറ്റിയുള്ള ഒരു സെൻസർഷിപ്പാണാവശ്യം. എന്റെ പുതിയ സിനിമയിൽ[അമ്മ അറിയാൻ]കട്ടുകൾ നിർദ്ദേശിച്ചാൽ ഞാനത്‌ നിഷേധിക്കും.കാരണം എന്റെ സിനിമയിൽ പ്രദർശ്ശിപ്പിച്ചിട്ടില്ലെന്ന് പൂർണ്ണബോധ്യമുണ്ടെനിക്ക്‌.അവരെന്റെ സിനിമയെ നിരോധിക്കട്ടെ. എന്നാലും ഞാനത്‌ ജനങ്ങളെ കാണിക്കും.വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും കാണിക്കും.അവർ തീരുമാനിക്കട്ടെ എന്റെ സിനിമയിൽ കട്ടുകൾ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് .അത്‌ ഞാൻ അനുസരിക്കാൻ തയ്യാറാണ്.ഇവിടുത്തെ ഐ എ എസ്സ്‌ ഉദ്യോഗസ്ഥൻ മാരല്ല എന്റെ സിനിമയുടെ വിധികർത്താക്കൾ.ജനങ്ങളാണ് അതിന്ന് വേണ്ടി അറസ്റ്റ്‌ വരിക്കാനും ഞാനൊരുക്കമാണ്.
ചലച്ചിത്ര സാഹിത്യത്തിന്റെ അവസ്ഥ എന്താണ്?
ചലച്ചിത്രത്തിന്ന് സാഹിത്യം എഴുതേണ്ട ആവശ്യമില്ല.സൃഷ്ടിക്കും പ്രേക്ഷകനുമിടയിലെ മദ്ധ്യവർത്തിയുടെ സ്ഥാനം മാത്രമാണ് ഒരു സിനിമാ നിരുപകനുള്ളത്‌.പക്ഷെ അയാളുടെ വാക്കുകൾ ആത്യന്തികമായ വിധി പ്രസ്താവമല്ല. ദു:ഖകരമായ വസ്തുത മറ്റൊന്നാണ്.കലാസ്വാദനത്തിന് ഇന്നത്തെ വിദ്യാഭ്യാസം സഹായകമാകുന്നില്ല. ഇന്നത്തെ അക്കാദമിക്ക്‌ വിദ്യാഭ്യാസം ചെറുപ്പക്കാരെ വിവരം പഠിപ്പിക്കുന്നില്ല.മംഗളം വായിക്കാൻ മാത്രം പ്രാപ്തരാക്കുന്നു. ചുരുക്കത്തിൽ മംഗളത്തിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കുക മാത്രമാണ് ഇന്നത്തെ വിദ്യാഭ്യാസം ചെയ്യുന്നത്‌.
താങ്കൾ സർഗ്ഗാത്മക പ്രവർത്തനത്തിന്ന് ചലച്ചിത്ര മാദ്ധ്യമം തിരഞ്ഞെടുത്തതിന്റെ സാഹചര്യം വിശദീകരിക്കാമോ?
[ഭാവമാറ്റത്തോടെ ചിന്താകുലനായി] എനിക്കറിയില്ല.അഞ്ചു വയസ്സുമുതൽ സിനിമാകാണാൻ തുടങ്ങിയിരുന്നു.നല്ലൊരു പാട്ടുകാരനാകാൻ ആഗ്രഹിച്ചവനാണ് ഞാൻ.ആയിത്തീർന്നത്‌ ഇതാണ്.ഈ മീഡിയം ഇഷ്ടപ്പെടുന്നത്കൊണ്ടാകാം ഞാനിവിടെ എത്തിപ്പെട്ടത്‌. എന്നോട്‌ കൂടുതലൊന്നും ചോദിക്കരുത്‌ .

2 അഭിപ്രായങ്ങൾ:

★ Shine പറഞ്ഞു...

Today only I saw this post. Thanks for posting this talk with John. (but I think there are some minro mistakes.. like I believe that art is "masterversion"..I guess he said something else..)

അജ്ഞാതന്‍ പറഞ്ഞു...

Self expression is a masterversion- self expression is a masturbation എന്നല്ലേ ശരി?