2011, ജനുവരി 21, വെള്ളിയാഴ്‌ച

‘ബദൽ സിനിമ’ :- ഒഡേസ സത്യൻ

മലയാള സിനിമാമേഖല ഗുരുതരമായ വാണിജ്യപ്രതിസന്ധിമൂലം തിയേറ്ററുകൾ അടച്ചുപൂട്ടൽ അവസ്ഥക്കപ്പുറം,താരങ്ങളും നിർമ്മാതാക്കളും,കലാകാരന്മാർ തമ്മിൽ തമ്മിലും തുറന്നപോരിൽ എത്തിയിരിക്കുന്നു.
പഴയ മലയാള സിനിമകളുടെ വ്യവസായ ആസ്ഥാനം മദ്രാസായിരുന്നു.അന്നൊന്നും സിനിമാപ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകളോ കലഹങ്ങളോ ഈ രീതിയിൽ കേട്ടിരുന്നില്ല.
ആധുനികസാങ്കേതികവിദ്യയിലുണ്ടായ കുതിച്ചു ചാട്ടം ഡിജിറ്റൽ സ്റ്റുഡിയോ കോംപ്ലസ്സുകളും മികവുറ്റ സാങ്കേതികവിദഗ്ദരും മറ്റു ഭൗതികസാഹചര്യങ്ങളും കേരളത്തിൽ തന്നെ ഒരുക്കിയിട്ടും മലയാള സിനിമാലോകം ഗുരുതരമായ സ്തംഭനാവസ്ഥ നേരിടുകയാണ്.
ഇതിന് മലയാള സിനിമയിൽ മാത്രം അന്യേഷിച്ച് ഉത്തരം കിട്ടുക അസാദ്ധ്യമാണ്.
ഒരു പച്ചമുളക് കിട്ടാനായി തമിഴ്നാട്ടിൽ ക്യു നില്ക്കേണ്ടിവരുന്ന മലയാളി സമൂഹം,കുടുംബം പുലർത്താനായി ഗൾഫിൽ പോയി അലയേണ്ടുന്ന തലമുറകൾ,ഒരു പൈന്റ് മദ്യത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന ചെറുപ്പക്കാർ...
ഒരർത്ഥത്തിലും ക്രിയാത്മകമാകാൻ കഴിയാത്ത ഒരു ജനസമൂഹം നേരിടുന്ന ആന്തരിക പ്രതിസന്ധിയുടെ പ്രതിഫലനം തന്നെയാണ്‌ കമ്പോള സിനിമാമേഖലയും അഭിമുഖീകരുക്കുന്നത്.
നമ്മുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത കഥകളും ആശയങ്ങളും മെനഞ്ഞെടുത്താണ്‌ ചിലസിനിമകൾ ഇവിടെ വിജയഗാഥ ആഘോഷിക്കുന്നത്.
ഇവ നമ്മുടെ കുരുന്നുകളിലും യുവതീ യുവാക്കളിലും ഒഴുക്കിവിടുന്ന മലിനീകരണത്തിന്റെ ഉത്തരവാദിത്വവും ഈ ചലച്ചിത്രപ്രവർത്തകരും മാധ്യമങ്ങളും സിനിമാ കച്ചവടക്കാരും സൂപ്പർ താരങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്.
നാല്പത് രൂപകൊടുത്ത് സിനിമ കാണുന്ന പ്രേക്ഷകന്ന് ധന നഷ്ടത്തോടൊപ്പം കുറ്റവാസനകളുടെ ആശയവും പേറി തിയേറ്റർ വിടേണ്ട സാഹചര്യമാണ് ഇന്നുള്ളത്.
പ്രേക്ഷകരുടെ നിരക്ഷരത ധനാഗമമാർഗ്ഗമായി മാറുന്ന ജീർണ്ണിച്ച ധനശാസ്ത്ര നിയമങ്ങളാണ്‌ കമ്പോള സിനിമയുടെ മൂലധനശക്തികൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പെരുകുന്ന മലയാളി സമൂഹത്തിൽ സത്യൻ അന്തിക്കാടിന്റെ‘ഭാഗ്യദേവത’പോലുള്ള ചിത്രങ്ങൾ വഹിക്കുന്ന പങ്ക് എന്താണ്?
നായകൻ (ജയറാം) സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ നായിക (കനിഹ) യെ പീഡിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞുവിടുന്നു.നായകന്റെ സഹോദരിയുടെ വിവാഹം സ്ത്രീധനത്തിന്റെ പേരിൽ മുടങ്ങുമെന്ന സാഹചര്യം വന്നപ്പോൾ കഥാനായിക സ്ത്രീധനവുമായി പ്രത്യക്ഷപ്പെട്ട് നായകന്റെ അന്തസ്സ് സംരക്ഷിക്കുകയും കുടുംബാഗങ്ങൾക്ക് ആഹ്ലാദവും സന്തോഷവും പകരുന്നു.സ്ത്രീധന സമ്പ്രദായത്തെ ഉയർത്തിപ്പിടിക്കുകയാണീ ചിത്രത്തിൽ സത്യൻ അന്തിക്കാട്.
അമ്മയേയും സഹോദരനേയും രക്ഷിക്കാനായി ബ്ലൈഡ് പലിശക്കാരനാകുന്ന നായകനെ ഉദാത്തവല്ക്കരിക്കുകയാണ്‌ ബി ഉണ്ണികൃഷ്ണന്റെ ‘മാടമ്പി’ എന്നചിത്രം.സൂപ്പർതാരം മോഹൻലാൽ അഭിനയിച്ച ഈ ചിത്രത്തിന്റെ ഉള്ളടക്കം കൊള്ളപ്പലിശയെ ന്യായീകരിക്കുന്നതാണ്‌.
പലിശമാഫിയകളുടെ പീഡനങ്ങളേറ്റുവാങ്ങുന്ന കേരളീയ സമൂഹത്തെ മറന്നുകൊണ്ടുള്ള കച്ചവടമാണ് സംവിധായകൻ പറഞ്ഞുവെച്ചിരിക്കുന്നത്.
അനീതികളെ ചോദ്യംചെയ്യുന്ന യുവനായകന്മാരുടെ ചുറു ചുറുക്കിനെ ദൃശ്യവല്‍ക്കരിച്ച ജയരാജിന്റെ ‘ഫോർ ദ പീപ്പിൾ’ മറ്റൊരുദൃശ്യഭാഗത്ത് ഉടുതുണിയില്ലാതെ ആഭാസനൃത്തം ചെയ്യുന്ന സുന്ദരികളുടെ ശരീരഭാഗം പകർത്തിവെച്ചിരിക്കുകയാണ്.
രജ്ഞിത്തിന്റെ ‘തിരക്കഥ’ ഒരു സിനിമാനടിയുടെ വേദനാനിർഭരമായ കഥയാണ് വിവരിക്കുന്നത്. ഈ ചിത്രത്തിലെ കഥാനായികയായ പ്രിയാമണിയുടെ അർദ്ധനഗ്നയായ കുളിസീനും ചേർത്തുവെച്ചാണ്‌ കച്ചവടം തകൃതിയാക്കിയത്.സ്ത്രീശരീരത്തെ വിപണിവല്ക്കരിക്കുന്ന കഴുകൻ കണ്ണാണ്‌ സംവിധായകനുള്ളത്.
മമ്മൂട്ടിയുടെ ‘അണ്ണൻ തമ്പി’യും‘ 'പോക്കിരിരാജ’ യും അഴിമതിയും ധൂർത്തും തടയാൻ ഒരു തെരുവുഗുണ്ട മതിയെന്ന് സ്ഥാപിക്കുകയാണ്.വെട്ടിലും കുത്തിലും പരിക്കേല്‍ക്കാത്ത നായകന്റെ വീരശൂരപരാക്രമങ്ങളും ഉടുതുണിയില്ലാത്ത നൃത്തങ്ങളും ഗംഭീരമാണെന്ന് പറയിക്കാൻ പാകത്തിലാണ്‌ ചിത്രം ചിട്ടപ്പെടുത്തിവെച്ചിരിക്കുന്നത്.
സിനിമാവ്യവസായം ദൃശ്യമേഖലയെ കലാപ്രവർത്തനമായി നിർവചിക്കുന്നില്ല.മറ്റെല്ലാ ഉല്പ്പന്നത്തേയും പോലെ ഒരു ചരക്ക് മാത്രമാണ്‌ ഇക്കൂട്ടർക്ക് സിനിമ.അധോലോക മാഫിയകളുടെ ഉള്ളം കയ്യിലായ ബോളീവുഡ് സിനിമാലോകത്തെപ്പോലെ മലയാള സിനിമാവ്യവസായവും മാഫിയകളുടെ കൂട്ട്കെട്ടുകളിലേക്ക് പരിവർത്തനപ്പെട്ടിരിക്കുകയാണ്‌.
അതിന്റെ അനുരണങ്ങളാണ്‌ തിലകൻ പ്രശ്നത്തിലൂടെ പുറത്തുവന്നത്.
ഫാൻസ് അസോസിയേഷനുകളുണ്ടാക്കി സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ റിലീസ് തിയേറ്ററിലെത്തുമ്പോൾ,ആർപ്പുവിളികളും ചെണ്ടമേളങ്ങളും താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും പ്രചാരണത്തിനായി ഒരുക്കുന്നു.ചെറുപ്പക്കാർക്ക് പണംകൊടുത്തു കച്ചവടത്തിന്റെ പുതിയമേഖലകൾ തേടുകയാണിവര്‍
ഇതിന്ന് പരസ്യം കൊടുക്കാൻ മാധ്യമപ്രവർത്തകരും സജീവമായി രംഗത്തുണ്ട്.പ്രശസ്തി,ലൈംഗികത,പണം,ആർഭാടജീവിതം തുടങ്ങിയ രൂപഭാവങ്ങളോടെ മറ്റൊരു അധികാരസ്ഥാപനമായി മലയാള സിനിമാമാഫിയയും നിലയുറപ്പിച്ചിരിക്കുകയാണ്‌.
ഒരു ഭാഗത്ത് കോർപ്പറേറ്റ് കമ്പനികൾ ശരീരത്തിനും ജീവനും വിലപറയുമ്പോൾ കമ്പോള സിനിമാലോകം മനുഷ്യരുടെ തലച്ചോറിനാണ് വിലയിടുന്നത്.ജ്വല്ലറികൾക്കും മദ്യശാലകൾക്കും പലിശക്കമ്പനികൾക്കും മോഡലുകളായിവരുന്ന സൂപ്പർതാരങ്ങൾ കേണൽ പദവികളും ഡോക്ടറേറ്റുകളും നല്കി ആദരിക്കപ്പെടുമ്പോൾ ഇവരിൽനിന്ന് നമ്മുടെകുട്ടികളും സമൂഹവും പഠിക്കേണ്ടപാഠമെന്തെന്ന് കൂടി ബഹുമതിനല്കുന്നവർ പറഞ്ഞുതരേണ്ടതുണ്ടു.
സിനിമാവ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കുകയല്ല ദൃശ്യമേഖലയെ സർഗ്ഗാത്മകമണ്ഡലമായി തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്വമാണ്‌ പുതിയ തലമുറ ഏറ്റെടുക്കേണ്ടത്.
അന്യഭാഷാചിത്രങ്ങൾ തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന്നെതിരേ സിനിമാലോകത്തുള്ളവർ പ്രതിഷേധവുമായി വരികയാണ്‌.ലോകത്തുടനീളമുള്ള അന്യഭാഷാചിത്രങ്ങൾ കണ്ടുകൊണ്ടാണ്‌സിനിമയെ പരിജയപ്പെടുന്നത്.അന്യഭാഷകളിലെ ചീത്തസിനിമകൾക്കെതിരെ പ്രതിരോധമുയർത്തുകയും എല്ലാഭാഷകളിലുമുള്ള സർഗ്ഗാത്മകമായ രചനകൾ തിയേറ്ററിലൂടേയും ബദൽ മാർഗ്ഗങ്ങളിലൂടേയും പ്രദർശിപ്പിച്ച് നമ്മുടെപ്രേക്ഷകന്റെ സാക്ഷരത ഉയർത്താനുള്ള ബാദ്ധ്യതയാണ്‌ നാം ഏറ്റെടുക്കേണ്ടത്
കമ്പോള സിനിമാമേഖല നേരിടുന്ന പ്രതിസന്ധിയെ ബദൽസിനിമാ നിർമ്മാണത്തിലൂടെ നാം മറികടക്കേണ്ടതുണ്ട്.മൂലധനശക്തികൾക്കെതിരേ പ്രധിരോധമുയർത്തിയ കലാകാരനായിരുന്നു ജോൺ എബ്രഹാം.

1980കളുടെ പകുതിയോടെ ഫറോക്ക് കേന്ദ്രീകരിച്ച് ഒരു കൂട്ടം യുവാക്കളുമായി ജനങ്ങളിൽ നിന്ന് പണം പിരിച്ച് സിനിമനിർമ്മിക്കുക എന്നപുതിയ ആശയവുമായി ജോൺ ഒത്തുകൂടി. സിനിമയുടെ നിർമ്മാണത്തിലൂടെ ജോൺ തന്റെ ആശയം സാർഥകമാക്കി.ക്യാമറയും താരങ്ങളും സാധാരണ മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ നവതരംഗമാണ്‌ ജോൺ തെരുവിലൂടെ അലഞ്ഞു പുനർനിർമ്മിച്ചത്.

ഇന്ത്യൻ സിനിമയിൽ നവോത്ഥാനത്തിന്റെ പുതിയ അടയാളമായിരുന്നു ഒഡേസ മൂവീസ്.

1984 ഡിസംബറിലെ ഒഡേസയുടെ പ്രഥമയോഗത്തിന്ന് ശേഷം ‘അമ്മ അറിയാൻ’ചിത്രീകരണം ഫോർട്ട്കൊച്ചിയിൽ ഉല്ഘാടനം ചെയ്യുന്നത്1986 ആദ്യമാസമാണ്‌.ഇതിനിടയിൽ നല്ല ചിത്രങ്ങളുമായി തെരുവോരങ്ങളിലും,വിദ്യാലയങ്ങളിലും പ്രദർശനം നടത്തുകയും ചെയ്തു.

ഷൂട്ടിഗ് തുടങ്ങിയ വേളയിൽ, കലാകാരന്മാർ രാഷ്ട്രീയപ്രവർത്തകർ ബുദ്ധിജീവികൾ, സാധാരണക്കാർ തുടങ്ങിയ ധാരാളം പേർ സഹയാത്രികരായി കൂടെ വന്നിരുന്നു.ഇവർ പത്തുരൂപ കൂപ്പണുകളുമായി നാടുനീളെ യാത്രചെയ്ത് നിർമ്മാണഫണ്ടിലേക്ക് ധനസമാഹരണം നടത്തി.പ്രാദേശിക തലത്തിലുള്ള ചിത്രീകരണച്ചിലവുകളെല്ലാം അവിടങ്ങളിൽ നിന്നുതന്നെ കണ്ടെത്തി.ഇരിങ്ങൽ പാറയിലെ ചിത്രീകരണങ്ങൾ ചായയും കഞ്ഞിയും നാട്ടുകാർ സംഭാവനയായി നല്കി.സിനിമയിലെ താരങ്ങളും,സംവിധായകനുംസഹയാത്രികരുമവരവരുടെ സഹായങ്ങൾ നല്കി.

സിനിമാനിർമ്മാണം ഒരു ജനകീയ ചലച്ചിത്ര പ്രവർത്തനമായിമാറിക്കഴിഞ്ഞിരുന്നു.സംവിധായകനും ടെക്നീഷ്യനും ക്യാമറാമേനും ജനങ്ങളും തമ്മിലുള്ള കൂട്ടായ്മ മനുഷ്യ സ്നേഹത്തിലധിഷ്ടിതമായിരുന്നു.

കമ്പോളസിനിമ കമ്പോളസിനിമ സൃഷിടിച്ചെടുത്ത പ്രതിലോമ ചിത്രീകരണസംസ്കാരം ചോദ്യംചെയ്യപ്പെടുകയായിരുന്നു.

പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് വരുന്ന സൂപ്പർതാരങ്ങളും നായികമാരും വിലപിടിച്ച കാറുകളിലൂടെയുള്ളസഞ്ചാരങ്ങളും ധാരാളിത്തംനിറഞ്ഞ ഭക്ഷണരീതികളും ഇവിടെ അന്യമായിരുന്നു.
ഇരിങ്ങൾ പാറയിൽ കറുപ്പസ്വാമി സമരം ചിത്രീകരിക്കാനായി ജോൺ എബ്രഹാം എത്തിയപ്പോൾ .കറുപ്പസ്വാമിയെ കെട്ടിപ്പിടിച്ച് ആലിംഗനംചെയ്ത ജോണിന്റ് ഉയർന്ന മൂല്യ ബോധം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
രണ്ടുകാലും നഷ്ടപ്പെട്ട് മധുരയിലെ കുഗ്രാമത്തിൽ നിന്ന് കറുപ്പസ്വാമിയെ ചിത്രീകരണസ്ഥലത്ത് എത്തിച്ചത് ഏറെസാഹസികമായിരുന്നു.ചൊറിയും ചിരങ്ങും പിടിപെട്ട് ശരീരമാസകളം ചലവും നീരും ഒലിക്കുകയായിരുന്നു.ഇദ്ദേഹത്തോടൊപ്പം യാത്രചെയ്തിരുന്ന എനിക്ക് ഓക്കാനവും അറപ്പും അനുഭവപ്പെട്ടിരുന്നു.
ചലവും നീരും വിലവെക്കാതെയുള്ള ജോണിന്റെ ആലിംഗനം ഒരു കനപ്പെട്ട ഓർമ്മയായി മാറുകയാണ്‌.
ജോൺ കുടിച്ചുതീർത്ത മദ്യത്തിന്റെ അളവും,കുളിക്കാതെ നടക്കുന്ന ജോണിനേയും ഏറെ എഴുതി ആഘോഷിച്ചവർ അദ്ദേഹത്തിന്റെ ഉയർന്ന മാനവിക തയെ വിട്ടുകളഞ്ഞിരിക്കയാണ്‌.
1987മെയ് 30 ന്കോഴിക്കോട്ടെ ഒരു കെട്ടിടത്തിന് മുകളിൽ വെച്ച് സുഹൃത്തുക്കളോടൊപ്പം കഴിയുന്നതിനിടയിലാണ് യാദൃശ്ചികമായി മരണപ്പെടുന്നത്. ജോണിന്റെ മരണം ഒഡേസയെ അക്ഷരാർത്ഥത്തിൽ അനിശ്ചിതത്തിലെത്തിച്ചു.

1980 കളുടെ അവസാനകാകുമ്പോൾ കമ്യൂണിസ്റ്റ് രാജ്യങ്ങൾക്കുണ്ടായ തിരിച്ചടിയോടെ മാർക്സിസത്തിന്ന് പ്രസ്ക്തിയില്ലെന്ന്‍ വ രെ ബുദ്ധിജീവികൾ എഴുതിവിട്ടു.
ഇത്തരമൊരു ലോകസാഹചര്യം വന്നതോടെ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവർത്തനം പ്രതിസന്ധി നേരിട്ടിരിന്നു.കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും തകർച്ചയെ നേരിട്ടു.ഇതിന്റെ സ്ഥാനത്ത് വിദേശഫണ്ട് വാങ്ങി പ്രവർത്തിക്കുന്ന എൻ ജി ഒ സംഘങ്ങൾ ബദൽ സിനിമാ മേഖല ഏറ്റെടുത്തു
90 കളുടെ പകുതിയോടെ ബംഗ്ലൂർ ആസ്ഥാനമാക്കി കലാപ്രവർത്തനം നടത്തുന്ന ചലച്ചിത്രപ്രവർത്തകരും ബുദ്ധിജീവികളും വിദേശ ഫണ്ടുവാങ്ങിചലച്ചിത്രനിർമ്മാണവും ഫിലിം ഫെസ്റ്റിവലുകളും സമാന്തരമായി നടത്തിത്തുടങ്ങി.
ആദിവാസി,ദളിത്,സ്ത്രീ,പരിസ്ഥിതി മേഖലയെ ചൂണ്ടിക്കാണിച്ചാണ്‌ അമേരിക്കൻ ധനസഹായത്താൽ ചലച്ചിത്ര പ്രവർത്തനം ഏറ്റെടുത്തത്.
ആഗോള മൂലധന ശക്തികളുടെ പ്രത്യായശാസ്ത്രധർമ്മമാണ് ഇക്കൂട്ടർ ഏറ്റെടുത്തു നിർവ്വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് അവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഉള്ളടക്കം വ്യക്തമാക്കുന്നു.കേരളത്തിലെ സമാന്തര ചലച്ചിത്രമേഖലയിലും ഇവർ വേരുറപ്പിച്ചുകഴിഞ്ഞു. ധാരാളം മലയാളി ചലച്ചിത്ര പ്രവർത്തകർ ഇവരുടെ അരാഷ്ട്രീയവാദത്തിന്റെ പ്രചാരകരായി നമ്മുടെ സമൂഹത്തിലും സിനിമകളുമായി നടക്കുന്നു.

ഒരു വശത്ത് കമ്പോള മൂലധന ശക്തികളും മറുഭാഗത്ത് എൻ ജി ഒ കളും നമ്മുടെ ജനകീയ ചലച്ചിത്രസംസ്കാരത്തേയും നവോത്ഥാനമൂല്യങ്ങളേയും വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ സിനിമയിൽ നവോത്ഥാനത്തിന്റെ പുതിയ അടയാളമായിരുന്നു,മൂലധനശക്തികൾക്കെതിരേയുള്ള ജോൺ എബ്രഹാമിന്റെ ബദൽ മാർഗ്ഗം. ഇത് മുന്നോട്ട് കൊണ്ടുപോവുകയെന്നുള്ളതാണ്‌ സിനിമാവ്യവസായ പ്രതിസന്ധിയിൽ നിന്ന് നമ്മുടെ ചലച്ചിത്രകാരന്മാരും ചലച്ചിത്രവിദ്യാർത്ഥികളും കലാകാരന്മാരും പഠിക്കേണ്ടപാഠം.

- ഒഡേസ സത്യന്‍ -

1 അഭിപ്രായം:

abunadapuram പറഞ്ഞു...

As long as the mind set up of Malayalees remain the same all these things will go on like this.പൂച്ചക്ക് ആരു മണികെട്ടും എന്നതാണു ചോദ്യം!