2008, ഡിസംബർ 17, ബുധനാഴ്‌ച

കണ്ണാടി കാണ്മോളവും-സുരാസുവിനെ ഓർക്കുമ്പോൾ-:- മധുമാസ്റ്റർ

എഫക്ടീവ്‌ ഡിസോർഡർ[affective disorder]എന്ന മാനസീകാവസ്ഥയെക്കുറിച്ച്‌ മന:ശാസ്ത്രജ്ഞന്മാർ പറയാറുണ്ട്‌.ഇത്‌ ജന്മസിദ്ധമായി ലഭിക്കുന്ന ശാപമോ വരമോ ആണ്.പ്രതിഭാശാലികളായ പല മഹാന്മാരിലും ഈ മനോനില കാണാമെന്ന് അഭിജ്ഞർ പറയുന്നു.ദൊസ്തോ വിസ്കി ഇതിന്ന് മകുടോദാഹരണമത്രേ.കാളിദാസനിലും ഇതു ഏറിയും കുറഞ്ഞും കാണുമത്രെ.ആധുനിക കേരളീയരിൽ ശ്രീ നാരായണ ഗുരുവിനെയും,സി ജെ തോമസ്സിനെയും അക്കൂട്ടത്തിൽ പെടുത്താം. എന്താണ` മനോനിലയുടെ സ്വഭാവം ?പേരിൽ നിന്നുതന്നെ വ്യക്തമാണത്‌.ക്രമരാഹിത്യത്തിനോട്‌ അടങ്ങാത്ത മമത.വ്യക്തി ജീവിതത്തിൽ ഇതു പ്രകട മാവുമ്പോൾ കുടുംമ്പക്രമത്തിൽ വിള്ളൽ വീഴുന്നു.സാമൂഹ്യജീവിതത്തിലാവുമ്പോൾ അരാജകത്വമുണ്ടാവുന്നു.സാഹിത്യാദികലകളിലവുമ്പോൾ വ്യാകരണം തെറ്റുന്നു.ക്രമരഹിത വ്യാകരണം പിറക്കുന്നു.ഭാഷക്ക്‌ പുതിയഘടന വരുന്നു.ഇത്തരംവ്യക്തികൾക്ക്‌ സ്നേഹം അസാദ്ധ്യമാണ്.ഒരുവ്യക്തിയോടോ വസ്തുവിനോടോ ഉള്ള ക്രമബദ്ധമായ അടുപ്പമാണല്ലോ സ്നേഹം. അതിവിടെ അസാധ്യമാണ്
സുരാസുവിന്ന് ഈ മനൊനില ഉണ്ടായിരുന്നോ എന്നെനിക്ക്‌ അറിഞ്ഞുകൂട. എന്നാൽ അവന്റെ വൃത്തിയെയും പ്രവൃത്തിയെയും കുറിച്ച്‌ ചിന്തിക്കുമ്പോൾ-ക്രമരാഹിത്യത്തെ പുൽകലായിരുന്നില്ലെ അതത്രയും.?'വിശ്വരൂപം'എന്ന നാടകം മുതലാണല്ലോ നാമൊക്കെ അവനെ അറിഞ്ഞു തുടങ്ങിയത്‌.അന്നേവരെ മലയാളത്തിൽ നടന്നിരുന്ന നാടകവഴിയിൽ നിന്നും ക്രമത്തിൽ നിന്നുമുള്ള ശക്തമായ കുതറിമാറലായിരുന്നല്ലോ അത്‌.എന്നാൽ വിശ്വരൂപത്തിന്റെ ക്രമത്തിൽ മറ്റൊന്ന് സൃഷ്ടിക്കാൻ സുരാസുവിനായതുമില്ല.അതുപോലെ "സുരായനം" എടുത്ത്‌ നോക്കിയാലും കാണാം ഈ വികൃതി.ആശയത്തിന്റെ കാര്യത്തിലായാലും ഭഷാഘടനയുടെ കാര്യത്തിലായാലും നിരന്തര ഭഞ്ജനം അതിലുടനീളം കാണാം .ഇത്‌ കണ്ടിട്ടും അതിനെ എങ്ങി നെ വ്യാഖ്യാനിക്കണമെന്നറിയാതെ ഉഴറുന്ന എം എൻ കാരശ്ശേരിയെ അവതാരികയി കാണാം . തനിക്ക്സ്‌ ഏറെ പ്രിയരായിരുന്ന ഒന്നും രണ്ടും ഭാര്യമാരെ പിരിച്ചയക്കുമ്പോഴും ഇതേ മനോനില തന്നെയല്ലെ അവനെ ഭരിച്ചിരിക്കുക ?എണ്ണമറ്റ സൗഹൃദ ബന്ധങ്ങൾ സൃഷ്ടിക്കുകയും അതേപോലെത്തന്നെ തകർക്കുകയും ചെയ്യുന്നതിൽ വിരുതനായിരുന്നല്ലോ അവൻ.മഹത്തായ ഒരു ലക്ഷ്യം ലാക്കാക്കി താൻ കെട്ടിയുയർത്തിയ കുടിൽ കത്തിച്ചപ്പോഴും സുരാസുവിനെ ഭരിച്ചത്‌ മറ്റ്‌ എന്തായിരിക്കാം? ഇങ്ങനെ ക്രമരാഹിത്യത്തോടുള്ള ക്രമം വിട്ടവാസന ഒരു നല്ലകാര്യമാണോ എന്ന് ചിന്തിച്ചു നോക്കുന്നാകിൽ ഈ പ്രപഞ്ചത്തിന്റെ വളർച്ചക്കടിസ്ഥാനമായി വർത്തിച്ചത്‌ പ്രപഞ്ചാത്മാവിന്റെ അക്രത്തോടുള്ള വാസന കൊണ്ടത്രെ എന്നല്ലേ നാമെത്തിച്ചേരുന്നത്‌.?ഒരു മഹാ വിസ്ഫോടനത്തിൽ നിന്നും ഇക്കാണുന്ന ദൃശ്യാദൃശ്യ പ്രപഞ്ചം വളർന്ന് വികസിച്ചതിന്ന് മറ്റൊന്നും കാരണമായിക്കാണുന്നില്ല.തന്നെ ത്തന്നെ നിഷേധിക്കാനുള്ള ഈശ്വരന്റെ വാഞ്ചയിൽ നിന്നല്ലെ തന്റെ മൂത്ത സന്തതിയായ സൈത്താന്റെ പിറവി.ഒന്നാലോചിച്ചു നോക്കൂ സൈത്താനില്ലായിരുന്നെങ്കിൽ മാനവജാതിക്കാകെ വല്ല വളർച്ചയുമുണ്ടാകുമായിരുന്നോ?ആദമിലും ഹവ്വയിലും സൈത്താൻ ആവേശിച്ചില്ലായിരുന്നെങ്കിൽ ഈ എഴുതുന്ന ഞാനുണ്ടോ വായിക്കുന്ന നിങ്ങളുണ്ടോ? സത്യത്തിൽ ഈശ്വരനെന്ന നിർഗ്ഗുണനെ സഗുണനാക്കുന്നത്‌ സൈത്താനല്ലേ? സഗുണബ്രഹ്മമില്ലെങ്കിൽ പിന്നെന്ത്‌ ബ്രഹ്മം ?ഭാരതം കൈലാസ നാഥനായ ശിവൻ എന്നതോന്യാസിയിൽ,ദൂർത്തനിൽ,ആ ക്ഷിപ്ര കോപിയിൽ,ക്ഷിപ്ര പ്രസാദിയിൽ ഒളിച്ചുവെച്ചിരുന്ന തത്വവും ഇത്‌ തന്നെ അല്ലേ?നോക്കണെ, നാം സുരാസുവിനെക്കുറിച്ചോർത്ത്‌ ഈശ്വരനിൽ ശിവോഹത്തിൽ എത്തിച്ചേർന്നിരിക്കുന്നു ഇതുതന്നെയാണ് അവന്റെ മഹത്വം .ജീവിച്ചിരുന്നപ്പോഴും മരിച്ചിരിക്കുമ്പോഴും നശിക്കാതെ കിടക്കുന്ന നന്മ.നമ്മെ സത്യാന്യേഷണത്തിന്ന് പ്രേരിപ്പിക്കുന്നു എന്ന നന്മ.ഇരുപത്തഞ്ച്‌ വർഷം മുമ്പ്‌ കുറ്റിയാടിയിൽ ഞാൻ താമസിച്ചിരുന്ന വീട്ടിൽ വെച്ചു സുരാസു എന്നെ അടിച്ചിറക്കിയപ്പോൾ മുതലാണ` ഞാൻ എന്റെ നേരെ തിരിഞ്ഞത്‌."നീ കള്ളനാണ`,കാപട്യക്കാരനാണ്"എന്ന് എന്നെ നോക്കി അലറിയപ്പോൾ മുതൽ അതുവരെ ആദർശ്ശശാലിയെന്നും നന്മനിറഞ്ഞവനെന്നും തലയും പൊക്കി നടന്നിരുന്ന ഞാൻ ,മാനം നോക്കി നടന്നിരുന്ന ഞാൻ,ആ അടിയുടെ ആഘാതത്തിൽ തലകുനിഞ്ഞു പോയപ്പോൾ ഭൂമിയെ കാണുകയും കാലിന്നടിയിലെ മണ്ണിനെ അറിയുകയും,മണ്ണിലൂടെ എന്നിലേറിയ സൈത്താനെ കാണുകയും ,ഇന്നു നിരന്തരം കാണുകയും സംസാരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയും............................................അങ്ങിനെയായിരുന്നു നമ്മുടെ സുരാസു....താൻ കാലുകുത്തിയിടത്തൊക്കെ മറക്കാനാവാത്ത മുദ്രകൾ സ്ഥാപിച്ചുകൊണ്ട്‌ കടന്ന് പോയത്‌.ഓർക്കുന്നവർക്ക്‌ അറിയാം ആ മുദ്രകൾ,അവരുടെ ജീവിതത്തിൽ വളരെ വിലയുറ്റതായിരുന്നുവെന്ന്.സ്വന്തം മുഖത്തും ആത്മാവിലും ആഞ്ഞുതൊഴിച്ചുകൊണ്ട്‌,കാർക്കിച്ച്‌ തുപ്പിക്കൊണ്ടാണല്ലോ ബലഗോപാലക്കുറുപ്പ്‌ സുരാസുവായി മാറിയത്‌ .അത്‌ തന്റെ നേരെയും ലോകത്തിന്ന് നേരെയും തിരിച്ചുവെച്ച കണ്ണാടിയായിരുന്നു അവൻ .ശ്രീനരായണ ഗുരു ക്ഷേത്രത്തിൽ കണ്ണാടി പ്രതിഷ്ടിച്ചപ്പോൾ സുരാസു സ്വഹൃദയ ക്ഷേത്രത്തിലാണ` കണ്ണാടി പ്രതിഷ്ടിച്ചത്‌. ആ കണ്ണാടിയെ തകർക്കാനാവില്ല എന്നിടത്താണ് അവൻ ജയിച്ചതും തോറ്റതും...

1 അഭിപ്രായം:

kadathanadan പറഞ്ഞു...

ഏറെ പ്രിയരായിരുന്ന ഒന്നും രണ്ടും ഭാര്യമാരെ പിരിച്ചയക്കുമ്പോഴും ഇതേ മനോനില തന്നെയല്ലെ അവനെ ഭരിച്ചിരിക്കുക ?എണ്ണമറ്റ സൗഹൃദ ബന്ധങ്ങൾ സൃഷ്ടിക്കുകയും അതേപോലെത്തന്നെ തകർക്കുകയും ചെയ്യുന്നതിൽ വിരുതനായിരുന്നല്ലോ അവൻ.മഹത്തായ ഒരു ലക്ഷ്യം ലാക്കാക്കി താൻ കെട്ടിയുയർത്തിയ കുടിൽ കത്തിച്ചപ്പോഴും സുരാസുവിനെ ഭരിച്ചത്‌ മറ്റ്‌ എന്തായിരിക്കാം? ഇങ്ങനെ ക്രമരാഹിത്യത്തോടുള്ള ക്രമം വിട്ടവാസന ഒരു നല്ലകാര്യമാണോ എന്ന് ചിന്തിച്ചു നോക്കുന്നാകിൽ ഈ പ്രപഞ്ചത്തിന്റെ വളർച്ചക്കടിസ്ഥാനമായി വർത്തിച്ചത്‌ പ്രപഞ്ചാത്മാവിന്റെ അക്രത്തോടുള്ള വാസന കൊണ്ടത്രെ എന്നല്ലേ നാമെത്തിച്ചേരുന്നത്‌.?ഒരു മഹാ വിസ്ഫോടനത്തിൽ നിന്നും ഇക്കാണുന്ന ദൃശ്യാദൃശ്യ പ്രപഞ്ചം വളർന്ന് വികസിച്ചതിന്ന് മറ്റൊന്നും കാരണമായിക്കാണുന്നില്ല.തന്നെ ത്തന്നെ നിഷേധിക്കാനുള്ള ഈശ്വരന്റെ വാഞ്ചയിൽ നിന്നല്ലെ തന്റെ മൂത്ത സന്തതിയായ സൈത്താന്റെ പിറവി.ഒന്നാലോചിച്ചു നോക്കൂ സൈത്താനില്ലായിരുന്നെങ്കിൽ മാനവജാതിക്കാകെ വല്ല വളർച്ചയുമുണ്ടാകുമായിരുന്നോ?ആദമിലും ഹവ്വയിലും സൈത്താൻ ആവേശിച്ചില്ലായിരുന്നെങ്കിൽ ഈ എഴുതുന്ന ഞാനുണ്ടോ വായിക്കുന്ന നിങ്ങളുണ്ടോ? സത്യത്തിൽ ഈശ്വരനെന്ന നിർഗ്ഗുണനെ സഗുണനാക്കുന്നത്‌ സൈത്താനല്ലേ? സഗുണബ്രഹ്മമില്ലെങ്കിൽ പിന്നെന്ത്‌ ബ്രഹ്മം ?ഭാരതം കൈലാസ നാഥനായ ശിവൻ എന്നതോന്യാസിയിൽ,ദൂർത്തനിൽ,ആ ക്ഷിപ്ര കോപിയിൽ,ക്ഷിപ്ര പ്രസാദിയിൽ ഒളിച്ചുവെച്ചിരുന്ന തത്വവും ഇത്‌ തന്നെ അല്ലേ?