2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ജോൺ എബ്രഹാമിനെ ക്കുറിച്ച്.....

ആ കണ്ണുകളിലെ തിളക്കം:-അരവിന്ദന്‍.
ജോണിനെ എന്നാണ് പരിചയപ്പെട്ടതെന്ന് ഓര്‍ക്കാനാവുന്നില്ല.
സിനിമയുമായി ഇരുകൂട്ടരും ബന്ധപ്പെടുന്നതിന് എത്രയോമുമ്പായിരുന്നു അത്.
വിദ്യാര്‍ത്ഥിയായി കോട്ടയത്തെ അറിയപ്പെടുന്ന ഒരു ഗായകനായി
ജോണ്‍ കഴിഞ്ഞിരുന്ന കാലത്തെന്നോ ആയിരുന്നു അത്.
സായം സന്ധ്യയുടെ വിഷാദത്തിലും തെളിഞ്ഞുവന്ന ആ കണ്ണുകളിലെകുസൃതി അന്നേ ശ്രദ്ധിച്ചിരുന്നു.
പിന്നീട് എത്രയോ ആയിരം തവണ
ഏതെല്ലാം വിധത്തിലുള്ള എത്ര എത്ര ജീവിതസന്ധികളില്‍ ജോണിനെ കണ്ടു.
അശാന്തമായ മനസ്സുമായി ഒരവദൂതനെപ്പോലെ അലയുകയായിരുന്നല്ലോ ജോണിക്കാലമത്രയും.
എങ്കിലും കണ്ണുകളിലെ കുസൃതിത്തം ഒളിപ്പിച്ചുവെച്ച
ആ തിളക്കം ഒരിക്കല്പോലും എനിക്ക് നഷ്ടപ്പെട്ടില്ല.

എന്നെ ആശ്വസിപ്പിച്ച ജോണ്‍:-പി പത്മരാജന്‍.

നമ്മുടെ സഞ്ചാരപഥങ്ങളില്‍ നമ്മളോടൊപ്പം എപ്പോഴും മരണവും ഉണ്ടാവും.
നമ്മള്‍ ഇടംവലം തിരിയും നമ്മള്‍ ഇടയ്ക്കെപ്പോഴെങ്കിലും നമ്മുടെ സഹയാത്രികനെപ്പറ്റി ചിന്തിക്കാതിരിക്കില്ല.
പക്ഷെ ജോണ്‍ കൂടെയുള്ള യാത്രക്കാരനെ തീര്‍ത്തും അവഗണിച്ചിരുന്നു.
ജോണ്‍ കാട്ടിയ ആ അവഗണന മൃത്യുവിനെ ക്ഷോഭിപ്പിച്ചിട്ടുണ്ടാകും അല്ലേ?
പാവം ജോണ്‍
ജോണ്‍ എബ്രഹാം പണി തീരാത്ത വീടിന്റെ മുകള്‍ തട്ടില്‍ കയറിനിന്ന്
ഗസല്‍ പാ
ടുകയും നൃത്തം ചവിട്ടുകയും ചെയ്ത രാത്രിയില്‍
തൃശൂരിലെ കാസിനോ ഹോട്ടലിലെ എന്റെ മുറിയില്‍
ഞാനും സ്നേഹിതന്മാരും സംസാരിച്ചിരിക്കുമ്പോള്‍ സംഭാഷണ വിഷയമായി കയറിവന്നു.
പവിത്രന്‍,ഉപ്പിന്റെ നിര്‍മ്മാതാവ് റഹിം, നടനായ ശ്രീരാമന്‍ ഇവരൊക്കെയായിരുന്നു അന്ന് മുറിയിലുണ്ടായിരുന്നത്.
ജോണുമായി അടുപ്പമുള്ളവരായിരുന്നു അവരൊക്കെ,
പിറ്റേന്ന് രാത്രി തൃശൂര്‍ പ്രസ്സ്ക്ലബ്ബിന്റെ മുമ്പില്‍ വന്നുനിന്ന
ആമ്പുലന്‍സ് വാനിനുള്ളില്‍ ഞാന്‍ ജോണിനെ കാണുമ്പോള്‍ ഒരു മരവിപ്പായിരുന്നു എന്റെ മനസ്സില്‍.

ഒരു അവധൂതന്റെ വ്യക്തിത്വം:-അടൂര്‍ ഗോപാലകൃഷ്ണന്‍.


ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ പഠിക്കുന്ന കാലം മുതല്ക്കാണ് ഞാനും ജോണും തമ്മിലുള്ള പരിചയം തുടങ്ങുന്നത്.
അന്നുതന്നെ ജോണ്‍ ഞങ്ങളിലൊക്കെ മതിപ്പുളവാക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു.
ജോണിനെ സംബന്ധിച്ചിടത്തോളം
സ്വന്തം ജീവിതവും സിനിമയും അഭേദ്യമായ ഒരു ഉള്‍പ്പിരിയലില്‍ മുറുകിച്ചേര്‍ന്നതുപോലെയായിരുന്നു.
അതായിരുന്നു ജോണിന്റെ സിനിമയുടെ ശക്തിയും
ശരിക്കും പറഞ്ഞാല്‍ സിനിമതന്നെയായിരുന്നു ജോണിന്റെ ലഹരി.
ഒരു അവദൂതന്റെ ലാളിത്യവും അസാധാരണമായ നര്‍മ്മബോധവും ചേര്‍ന്നതായിരുന്നു ജോണിന്റെ വ്യക്തിത്വം.
ജോണ്‍ എനിക്ക് പ്രിയപ്പെട്ടവനായിരുന്നു.
ഞങ്ങള്‍ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.


ജോണിന് പലതുമാകാമായിരുന്നു:-ഒ വി വിജയന്‍:-


ജോണിന് പലതുമാകാമായിരുന്നു.
എന്നാല്‍ ഒന്നുമാകേണ്ട എന്നു തീരുമാനിച്ച പോലെ ആ നഷ്ടബോധം എന്നെ ദു:ഖിപ്പിക്കുന്നു.
ജോണിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മിക്കതും സുഖകരവും ചിലതൊക്കെ അസുഖകരവുമാണ്.
ജോണിനെ കുറ്റപ്പെടുത്തുവാന്‍ പലതുമുണ്ടാകും.
പക്ഷെ ,
ആ പ്രതിഭ അതിനൊക്കെ അതീതമായിരുന്നു.

വ്യത്യസ്ഥനായ മനുഷ്യന്‍,വ്യത്യസ്തമായ സിനിമ:-ഷാജി.

എ ഡിഫറന്റ് മാന്‍ വിത്ത് എ ഡിഫറന്റ് കണ്‍സപ്റ്റ് ഓഫ് സിനിമ-
ജോണ്‍ എബ്രഹാമിനെ ഇങ്ങനെ വിശേഷിപ്പിക്കാമെന്ന് തോനുന്നു.
ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്ന
ഇന്ത്യന്‍ ഫിലിം മേക്കര്‍ ഘട്ടക്ക് ആണ്.
ഇന്‍സ്റ്റിറ്റൂട്ടുകാര്‍ അഭിമാനത്തോടെ സ്മരിക്കുന്ന മുന്‍ ഗാമി ജോണ്‍ എബ്രഹാമും.
മറ്റുള്ളവരുടെ സിനിമയില്‍ നിന്ന് മാറിപ്പോവാന്‍ ജോണ്‍ മനപ്പൂര്‍വ്വം ശ്രമിച്ചിരിക്കുന്നു.
അതായിരുന്നു ജോണിന്റെ വ്യക്തിത്വവും.
വിപ്ലവവും സൗന്ദര്യവും ഇടകലര്‍ന്ന ജോണിന്റെ ധിക്കാരത്തിന്റെ
രേഖകളായി ജോണിന്റെ സിനിമയെ കണക്കാക്കാം.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായി പോകാന്‍ പോകുന്നു
ജോണിന്റെ ജനകീയ സിനിമ എന്ന ആശയം.
ഒഡേസ ജോണിന്റെ ധിക്കാരം നിറഞ്ഞ ചിന്തകളില്‍ നിന്ന് രൂപം കൊണ്ടതാണ്.
പിന്നെ മറ്റുള്ളവരിലേക്ക് സംക്രമിച്ചു എന്നുമാത്രം.

അവന്‍ ഉറങ്ങുകയായിരുന്നു...:-കാക്കനാടന്‍.

ഞങ്ങള്‍ അവനെ തേടിച്ചെന്നപ്പോള്‍
വെള്ള തുണി മൂടി
അവനുറങ്ങുകയായിരുന്നു.
അവന്റെ തലയ്ക്കല്‍ മെഴുകുതിരികള്‍
കൊളുത്തിവെച്ച്;
ചുറ്റിലുമിരുന്നു സ്ത്രീകള്‍ വിലാപസങ്കീര്‍ത്തനങ്ങള്‍
ആലപിക്കുകയായിരുന്നു.
അവനുണരുന്നതും കാത്ത് ഞങ്ങള്‍ ,
അവന്റെ സുഹൃത്തുക്കള്‍,
കായലോരത്ത് അത്ഭുതത്തോടെ കാത്തുനിന്നു.
അവര്‍,അവനെ പെട്ടിയിലാക്കി പുറത്തേക്ക് കൊണ്ടുവന്നു.
അവര്‍,അവനേയും കൊണ്ട്
അകലത്തേക്ക് നടന്നു പോയി;
അങ്ങകലേക്ക്...


കുട്ടനാട്ടുകാരന്റെ ഹൃദയം:-നെടുമുടി വേണു.


നമുക്കൊരു വ്യക്തിയെ നമ്മുടെ കൈവശമുള്ള ധാരണകള്‍ കൊണ്ടു
നിര്‍വ്വചിക്കാന്‍ കഴിയുമെങ്കില്‍ അയാള്‍ വെറുമൊരു സാധാരണക്കാരന്‍ മാത്രമാണ്
നിര്‍വ്വചിക്കാന്‍ കഴിയാത്ത വണ്ണം നമ്മുടെധാരണകള്‍ തെറ്റിക്കുന്നവന്‍ അസാധാരണനഅയിരിക്കും.
ജോണ്‍ എബ്രഹാം അസാധാരണനായ ഒരു വ്യക്തിയായിരുന്നു.
ആ അസാധാരണത്വം പലപ്പോഴും പലരേയും വെറുപ്പിച്ചിട്ടുണ്ടാകാം,ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാകാം.
അങ്ങിനെ ദേഷ്യം പിടിച്ചവര്‍ക്കും വെറുപ്പ് തോന്നിയിട്ടുള്ളവര്‍ക്കും
അത് അങ്ങിനെ നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല.
ജോണിനെ മനസ്സിലാക്കും തോറും വെറുപ്പും ദേഷ്യവും അലിഞ്ഞുപോകും.
ജോണിന്റെ സിനിമ ജോണിനെപ്പോലെത്തന്നെയായിരുന്നു.
മുന്‍ വിധികളും ധാരണകളും തെറ്റിച്ചുകളയും ജോണിന്റെ സിനിമ.
മനസ്സിലാക്കികഴിഞ്ഞാല്‍ ആ സിനിമയോട് നമുക്ക് ആദരവ് തോന്നും
അസാധണനായ ജോണിന്റെ അസാധാരണമായ സിനിമ.

അഭിപ്രായങ്ങളൊന്നുമില്ല: