2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

യാഥാര്‍ത്ഥ്യത്തിന്റെ വിഭ്രാന്തി.

                                              കെ പി കുമാരന്‍.'

ആത്മകഥപോലെ എന്തോ ഒന്ന്'എന്ന ഗ്രന്ധത്തില്‍ അകിരാ കുറോസവ ഭയാനകമായ ഒരു ബാല്യകാല അനുഭവം വിവരിക്കുന്നുണ്ടു.
ആയിരത്തി തൊള്ളായിരത്തി ഇരുപത്തി മൂന്നില്‍ ജപ്പാനിലെ കാന്‍റ്റോ പ്രദേശത്തുണ്ടായ മഹാ ഭൂകമ്പമാണ്‌ പശ്ചാത്തലം.
കുറുസോവയ്ക്ക്‌ അന്ന് വയസ്സ്‌ പതിനൊന്ന്.സുഹൃത്തും ഗുരുവും ദാര്‍ശനികനുമായ സ്വന്തം ജേഷഠന്‍ ഇങ്ങനെ പറഞ്ഞു.
"അകിരാ നമുക്ക്‌ ഭൂകമ്പമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ ചെന്നു കാണാം.
കാണാന്‍ പോകുന്ന ഭീകര ദൃശ്യങ്ങളെക്കുറിച്ച്‌ യാതൊരു മുന്‍ ധാരണയും ഇല്ലാതിരുന്ന കുട്ടി ഏതാനും വര്‍ഷങ്ങള്‍ മാത്രം മുതിര്‍ന്ന് ജേഷ്ഠനോടൊപ്പം കാഴ്ചകാണാന്‍ പോയി
"കത്തിക്കരിഞ്ഞു കിടന്ന പ്രദേശങ്ങളിലേക്ക്‌ അയാള്‍ എന്നെ പിടിച്ചു വലിച്ചു കൊണ്ടുപോയി.എണ്ണമറ്റ ശവശരീരങ്ങള്‍ കത്തിക്കരിഞ്ഞ്‌ നിരന്നു കിടക്കുന്നത്‌ ഞാന്‍ കണ്ടു.കാണാവുന്നിടത്തെല്ലാം തീ കുണ്ഠങ്ങളും കാറ്റില്‍ പറക്കുന്ന ചാരക്കൂനകളും മാത്രം ഒരു ചുവന്ന മരുഭൂമിപോലെ"
ഈ രംഗത്തിന്റെ വിശദമായ വിവരണം ഇങ്ങനെ അവസാനിക്കുന്നു
"സഹോദരന്‍ ഒടുവില്‍ എന്നോടിങ്ങനെ പറഞ്ഞു;ഭയാനകമായ ഒരു ദ്ര്ശ്യത്തിനുനേരെ കണ്ണടക്കുകയാണെങ്കില്‍ നീ എപ്പോഴും ഭയപ്പെട്ടു കൊണ്ടിരിക്കും.
ഇമവെട്ടാതെ അത്‌ നോക്കിക്കാണുകയാണെങ്കില്‍ ഭയപ്പെടാനൊന്നുമില്ലെന്ന് നിനക്കു മനസ്സിലാകും"
കുറോസവ ഇങ്ങനെ കൂട്ടിചേര്‍ക്കുന്നു
"ആ അനുഭവത്തിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ സഹോദരനും ഭയപ്പെട്ടിട്ടുണ്ടാവും എന്നാണ്‌ എനിക്ക്‌ തോനുന്നത്‌.ഭയത്തെ കീഴടക്കാനുള്ള ഒരു സാഹസിക ശ്രമമായിരിക്കണം അദ്ദേഹം നടത്തിയത്‌"

കുറോസവയ്ക്‌ സാഹിത്യത്തിലും സിനിമയിലും അഭിനിവേശമുണ്ടാക്കിയ ഈ സഹോദരന്‍ നിശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ കഥ വിളിച്ചു പറയുന്ന ആളായിരുന്നു.ശബ്ദചിത്രങ്ങളുടെ ആവിര്‍ഭാവത്തോടെ തൊഴിലില്ലാതായിത്തീര്‍ന്ന സഹോദരന്‍ ആത്മഹത്യചെയ്തു.

ദൈനംദിന ജീവിതം ശരാശരി കണ്ണുകളുടെ മുമ്പില്‍ തെളിയിക്കുന്നത്‌ സമതുലിതമായ ഒരു അവസ്ഥയായിരിക്കാം.എന്നാല്‍ പുറം തോടുകള്‍ തുരന്ന് കാണുവാന്‍ പോകുന്നവന്റെ കാഴ്ച വിസ്ഫോടകവും ഭീതിജനകവുമാണ്‌.
ജാപ്പാനീസ്‌ ചലച്ചിത്രകാരനായ അകിരാ കുറോസവ ഭ്രമാത്കമായ യാഥാര്‍ത്ഥ്യത്തിന്റെ വേപഥുകൊള്ളിക്കുന്ന ദര്‍ശനമാണ്‌ അവതരിപ്പിച്ചത്‌.
വ്യാസനും ഷേക്സ്പിയറും ദെസ്തയേവിസ്കിയും ,വാന്ഗോഗും മറ്റും അനുഭവവേദ്യമാക്കിയ ലോകങ്ങള്‍ക്ക്‌ സമാനമായ ഒന്ന് കുറോസവയുടെ ചിത്രങ്ങളിലൂടെ ലോകത്തിലെങ്ങുമുള്ള ചലച്ചിത്ര സഹൃദയര്‍ അറിഞ്ഞു.
ജീവിതത്തിന്റെ അകം പൊരുള്‍ ഇത്രയ്ക്‌ തീഷ്ണതയോടെ ആവിഷകരിക്കുവാന്‍ കുറോസവയ്ക്കു മുമ്പും പിമ്പുമുള്ള മറ്റധികം ചലച്ചിത്രകാരന്മാര്‍ക്ക്‌ കഴിഞ്ഞിട്ടില്ല.അതിനാലാണ്‌ എണ്‍പത്തിയെട്ടു വര്‍ഷങ്ങള്‍ നീണ്ട സമ്പൂര്‍ണ്ണമായ ജീവിതത്തിനു ശേഷം അദ്ദേഹം യാത്ര പറഞ്ഞപ്പോള്‍ ആരാധകലോകം അസ്വാസ്ഥ്യമനുഭവിച്ചത്‌.

ഒരു പെയിന്റര്‍ ആകാന്‍ ആഗ്രഹിക്കുകയും യാദ്ദൃശ്ചികമായി ചലച്ചിത്ര രംഗത്ത്‌ എത്തിച്ചേരുകയും ചെയ്ത കുറോസവ രണ്ടു ക്ഷുഭിത യൗവനത്തിന്റെ ഉദ്വിഗ്നത മുഴുവന്‍ പിന്നിട്ടുകൊണ്ടാണ്‌ ഒരു ഫിലിം സ്റ്റുഡിയോവിലെ ചട്ടക്കൂടിനകത്ത്‌ സ്വയം കണ്ടെത്തുന്നത്‌.
പെയിന്റിംഗ്‌ ഉപേക്ഷിക്കുവാനുള്ള തീരുമാനത്തില്‍ കുറോസവ എത്തിച്ചേരുന്നതിനെപ്പറ്റി അദ്ദേഹം ഇങ്ങിനെ രേഖപ്പെടുത്തുന്നു
"സെസ്സാന്‍,വാന്‍ ഗോഗ്‌ തുടങ്ങിയ ചിത്രകാരന്മാരുടെ പ്രദര്‍ശനം കണ്ട്‌ പുറത്തിറങ്ങുമ്പോള്‍ എന്റെ മുന്നില്‍ തെളിയുന്ന വീടുകള്‍,തെരുവീഥികള്‍, വൃക്ഷങ്ങള്‍ ഇവയെല്ലാം എന്റെ കാഴ്ചയില്‍ ഞാന്‍ കണ്ട പെയിന്റിംഗിലേതുമാതിരി തോന്നിപ്പിക്കുന്നു.ഞാന്‍ സാധാരണകാണുന്ന യഥാര്‍ത്ഥ ലോകത്തില്‍ നിന്നും വ്യത്യസ്ഥമായ ഒരു യാഥാര്‍ത്ഥ്യമാണ്‌ ഈ ചിത്രങ്ങളുടെ കാഴ്ച എനിക്കു നല്‍കുന്നത്‌.എന്നാല്‍ അന്നും ഇന്നും അവരുടേതു പോലെ തനതും വ്യതിരിക്തവുമായ ഒരു കാഴ്ച എനിക്ക്‌ സ്വായത്തമായില്ലെന്ന് ഞാന്‍ മനസ്സിലാക്കി.ജപ്പാനിലെ പല പ്രമുഖ പെയിന്റര്‍മാരുടേയും പ്രദര്‍ശനങ്ങള്‍ ഇതേ അനുഭവം എനിക്ക്‌ നല്‍കിയപ്പോള്‍ ഞാന്‍ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥനായി.

അത്യപൂര്‍വ്വവും തനതുമായ ഒരു പ്രപഞ്ചം രചിക്കുവാന്‍ കുറോസവ ഉപയോഗിച്ച ഉപകരണങ്ങളും ചായക്കൂടുകളും വിസ്മയകരമാം വണ്ണം വൈവിധ്യമാര്‍ന്നതാണ്‌.ചരിത്രവും സമകാലികതയും നാടോടിക്കഥകളും ഷേക്സ്പീരിയന്‍ ട്രാജഡികളും ആദ്യകാല ഹോളീവുഡ്‌ ചിത്രങ്ങളും നാടകശൈലികളും അദ്ദേഹത്തിന്റെ മൂശയിലെ അസംസ്കൃത വിഭവങ്ങളായി തീര്‍ന്നു.എന്നാല്‍ അതില്‍ നിന്നും ഉരുത്തിരിഞ്ഞ പുതിയ വാര്‍പ്പുകള്‍ അദ്ദേഹത്തിന്റേത്‌ മാത്രമായിരുന്നു.
ജാപ്പാനീസ്‌ തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ സാര്‍വ്വലൗകികമായി മാറിയ സിനിമയുടെ പുതിയ മുഖം ചലച്ചിത്ര പ്രേമികളെ ആവേശഭരിതരാക്കി.അന്നോളം സിനിമ എന്ന കല ഒരു പടിഞ്ഞാറന്‍ മാധ്യമമായിരുന്നല്ലോ.മുന്‍ ഗാമികളായ മിസോഗുച്ചിയും യാസുജിറോ ഒസ്സുവും പുറത്തുള്ളവര്‍ക്ക്‌ അന്ന് വേണ്ടത്ര പരിചിതമായിരുന്നില്ല.

ജീവിതോപരിതലത്തില്‍ ചുഴലിക്കാറ്റു പോലെ വീശിയടിക്കുന്ന സംഘര്‍ഷങ്ങളും നാടകീയ മുഹൂര്‍ത്തങ്ങളും ചലച്ചിത്ര ഭാഷയുടെ ചടുലമായ സങ്കേതങ്ങളില്‍ വരച്ചു കാണിക്കുമ്പോഴും മനുഷ്യമനസ്സിന്റെ ഇരുണ്ട ഇടനാഴികളില്‍ പ്രകാശം പ്രസരിപ്പിക്കുക എന്നതായിരുന്നു കുറോസവയുടെ ഉന്നം.

സ്ത്രീ - പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും വൈചിത്ര്യങ്ങളും നിരങ്കുശതയോടെ ഉന്മീലനം ചെയ്യുന്നതില്‍ ഫ്രോയിഡീയന്‍ അപഗ്രഥനപാടവം കുറോസവ പ്രകടിപ്പിക്കുന്നു.'റാഷോമണി'ലെ ബലാത്സംഗ രംഗ ചിത്രീകരണം അജ്ഞേയമായ സ്ത്രീമനസ്സിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ഒരു പരാമര്‍ശമാണ്‌.അദമ്യമായ ജീവിതവിജയത്വരയുടെ മാരകമായ പരിണതി കുറോസവ അനേഷണവിഷയമാക്കിയ മറ്റൊരു മേഖലയാണ്‌.
ഈ അനേഷണം അദ്ദേഹത്തിന്‌ ഷേക്‍സ്പീരിയന്‍ ദുരന്ത നാടകങ്ങളുടെ ചലച്ചിത്ര ഭാഷ്യം രചിക്കാനുള്ള പ്രേരണയായി.ഷേക്‍സ്പിയര്‍ നാടകങ്ങളുടെ ചലച്ചിത്രവ്യാഖ്യാനങ്ങള്‍ പല ഭാഷകളിലും പ്രമുഖരായ ചലച്ചിത്രകാരന്മാര്‍ രചിച്ചിട്ടുണ്ടു.
'മാക്ബത്ത്‌','കിങ്ങ്‌ലിയര്‍' എന്നീ നാടകങ്ങളുടെ ചലച്ചിത്ര വായനകളില്‍ കുറോസവ രണ്ടുതരത്തില്‍ മറ്റുള്ളവരെ പിന്തുണക്കുന്നുണ്ട്‌.ഷേക്‍സ്പീരിയന്‍ ദര്‍ശനത്തിന്റെ അഗാധതകള്‍ സ്പര്‍ശ്ശിക്കുന്നതില്‍ സാധിച്ച അനാദ്ദൃശ്യമായ പാടവമാണ്‌ ഒന്നാമത്തേത്‌.
ഷേക്സ്‌പീരിയന്‍ കൃതികളുടെ പുന:സൃഷ്ടിയില്‍ കുറോസവ സാധിക്കുന്ന തനിമയാണ്‌ മറ്റൊന്ന്.
ജാപ്പാനീസ്‌ ചരിത്രവും സസ്കാരവുമായി ഈ കൃതികളെ ലയിപ്പിച്ചു ചേര്‍ക്കുന്നതില്‍ കുറോസവ പ്രകടിപ്പിച്ച വൈഭവം അവിശ്വസനീയമാണ്‌.സാഹിത്യകൃതികളുടെ ചലച്ചിത്രാവിഷ്കാരത്തില്‍ എന്നത്തേയ്കുമുള്ള മാതൃകയായി 'ത്രോണ്‍ ഓഫ്‌ ബ്ലഡ്‌', 'റാന്‍' എന്നീചിത്രങ്ങള്‍ നിലനില്‍ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: