2011, ജനുവരി 22, ശനിയാഴ്‌ച

കനലായ്....


ആജീവനാന്തം കവിതയുടെ തടവറയിൽ കിടക്കാൻ വിധിക്കപ്പെട്ടവൻ.
കറുപ്പ്,മാളമില്ലാത്തപാമ്പ്,ചിത്തരോഗാശുതത്രിയിലെ ദിനങ്ങൾ,
ജയിൽ മുറ്റത്തെ പൂക്കൾ, വെയിൽ തിന്നുന്ന പക്ഷി.
ശീർഷകങ്ങൾ തന്നെ കവിയെ നിർവചിക്കുന്നു....
ആരായിരുന്നു എ അയ്യപ്പൻ?
അരാജകനായ കവി? കോമാളി ?...
ഇപ്പോൾ കണ്ടെത്തലുകൾ ഓട്ടേറെ വ്യാഖ്യാനങ്ങൾ....
ഒന്നിനും ഒന്നിനും പിടികൊടുക്കാതെ പിന്നെയും പിന്നെയും അയ്യപ്പൻ.
ആളുകൾ തിങ്ങിവിങ്ങുന്ന ലോകത്തിൽ അയ്യപ്പൻ ഏകാകിയായി ജീവിച്ചു;
ആരുടേയും പൊടിപടലങ്ങൾ പറ്റാതെ,
എന്നാൽ,
അവരിലെല്ലാം നിക്ഷിപ്തനായി..
ചിലവഴിച്ച ഓരോ നിമിഷവും അയ്യപ്പൻ അനർഘനിമിഷങ്ങളാക്കി.
അവ്യവസ്ഥമായി ജീവിച്ച് അന്തസ്സാരശൂന്യമായ വ്യവസ്ഥയെ ചോദ്യം ചെയ്തു.
എഴുതിയ ഓരോ വരിയിലും ദു:ഖികളോടുള്ള ആദരവുണ്ടായിരുന്നു;
കാലത്തിന്റെ നൃശംസതയോടുള്ള കലാപവും.
സ്വന്തം വാഗ്മയജീവിതത്തിൽ ഒരു കവിയുടെ ഖഡ്ഗത്തിന്നെത്ര സാധിക്കും?
അയ്യപ്പൻ അത്രയും സാധിച്ചു....
അയ്യപ്പൻ ജന്മത്തിന്റെ നിസ്സഹായത ഏറ്റുവാങ്ങി.നടന്ന വഴികളിൽ
ബലിയും നിലവിളികളും,ക്രൂശിതരുടെ ചോരപ്പാടുകൾ.....
കവികൾ അവനവനിൽ മുഴുകി ഭാഷാലീലയിൽ രമിച്ച് കൊണ്ടിരുന്നപ്പോൾ...
ഇന്നത്തെ അത്താഴം ഇതുകൊണ്ടാവാം...എന്ന് അയ്യപ്പനു മാത്രം എഴുതാൻ കഴിഞ്ഞു.
ഒരു കവിയും അതേ കാലയളവിൽ പൂർത്തിയാക്കപ്പെടുന്നില്ല.
ഇനിയും വരുന്നവർക്ക് സ്വയം ബാക്കി നല്കിയാണ്‌ അയാൾ വിടവാങ്ങുക.
മതിമറക്കുന്ന ഒരു തലമുറക്ക് മുന്നിൽ അയ്യപ്പന്റെ കവിതയും ജീവിതവും തുറന്നുകിടക്കുന്നു
അമ്ളരൂക്ഷമായ അക്ഷരങ്ങളിൽ.

“വേനലേ നിനക്കൊരു രക്തസാക്ഷിയെ തരാം
ധ്യാനത്തിൻ കണ്ണിൽനിന്നും
ചോരാത്ത കാലവർഷം പോൽ”

അഭിപ്രായങ്ങളൊന്നുമില്ല: