2008, ഡിസംബർ 17, ബുധനാഴ്‌ച

ഒരു ഓർമ്മക്കുറിപ്പ്‌,ഒരുതാക്കീത്‌-സച്ചിദാനന്ദൻ

ജോൺ അബ്രഹാമിനേക്കുറിച്ച്‌ ഒരനുസ്മരണമെഴുതണമെന്ന് ആവശ്യപ്പെട്ടിരുന്നുവല്ലോ . പലകുറി ശ്രമിച്ചിട്ടും അത്തരമൊന്ന് എഴുതി പൂർത്തിയാക്കാൻ കഴിയുന്നില്ല .ഒരുവശത്ത്‌,ആദ്യത്തെ നിർവ്വികാരമായ വാർത്താസ്വീകരണത്തിന്ന് ശേഷം,സ്നേഹ സമൃദ്ധമായിരുന്ന ആ ഹൃദയത്തെക്കുറിച്ചുള്ള ഓർമ്മകൾ ഇപ്പോഴെന്നെ കൂടുതൽ കൂടുതൽ ഇരുണ്ടു വരുന്ന ഒരു ലോകത്തേക്കാനയിക്കുന്നു;ഒരു വശത്ത്‌ ജോൺ എന്തായിരുന്നുവെന്ന ചോദ്യം,പീഡാകാരവും ശിഥിലവുമായ ഒരുതരം ആത്മസംവാദത്തിൽ ഒടുങ്ങിത്തീരുന്നു. ജോണിന്റെ ദുർമ്മരണത്തെ ഒരു രക്തസാക്ഷിത്വമായല്ലാതെ എനിക്ക്‌ കാണാനാകുന്നില്ല.താൻ പിറന്ന മുതിർന്ന ബൂർഷ്വാസമുദായത്തിന്റെ കപട മാന്യതകളെയും ചെന്നായ്ക്കൊതികളെയും തന്റെ കല കൊണ്ടെന്നപോലെ ജീവിതം കൊണ്ടും ജോൺ നിർദ്ദയമായി മുറിവേൽപ്പിച്ചു.ജോണിന്റെ അനുക്രമവും അനിവാര്യവുമായ ആത്മദഹനത്തിൽ സ്വന്തം വർഗ്ഗത്തോടുള്ള ഒടുങ്ങാത്ത പകയുടേതെന്നപോലെ,സ്വന്തം മതത്തെ കയ്യേറിയ വ്യാപാരിവർഗ്ഗത്തിന്റെ'ഫിലിസ്റ്റിനിസ'ത്തിനെ ചെറുക്കുന്ന ക്രൂശുമരണത്തിന്റെ-ആബലിയുടെ കൊലപാതകത്തിന്റെയും-അംശങ്ങളുണ്ട്‌.വിശുദ്ധനായ ഈ അരാജകവാദിയുടെ പൂർവ്വാശ്രമങ്ങളെക്കുറിച്ച്‌ എനിക്ക്‌ അറിവുകുറവാണ് കൃസ്തീയതയും സമ്പന്നതയും തമ്മിലുള്ള പൊരുത്തക്ക്ക്കേടുകൊണ്ടു കണ്ണുതുറപ്പിക്കുന്ന ഒരാദ്യകാലത്തെയും,സ്വാഭാവീകമായ ചില മനപ്പെരുത്തങ്ങളാൽ ഘട്ടക്കിനെ ആത്മീയപിതാവായി വരിച്ച പരിശീലത്തെയും ഒരു പ്രിയ പ്രമേയത്തെ അനുസ്യൂതവും സർഗ്ഗാത്മകവുമായി പിന്തുടരുന്ന നിർമ്മാണകാലത്തെയും കുറിച്ചുള്ള എന്റെ ആംശീകജ്ഞാനങ്ങൾ,കവിത ഉൾപ്പെടെ പൊതുവായ ഒട്ടേറെതാൽപ്പര്യങ്ങളുണ്ടായിരുന്ന ഞങ്ങളുടെ ഹ്രസ്വവും അന്യോന്യ പൂരകവുമായിരുന്ന സഹവാസങ്ങൾ ,ഞങ്ങളൊന്നിച്ചു പ്രവർത്തിച്ച,പരാജയപ്പെട്ട ഒരു ചലചിത്ര സംരംഭത്തിന്റെ നർമ്മസമൃദ്ധവുമായ സ്മരണകൾ;ഇവ വെച്ചുകൊണ്ട്‌ ഞാൻ ജോണിന്റെ വിധികർത്താവായിക്കൂട ."അഗ്രഹാരത്തിലെ കഴുത"ആദ്യമായി കണ്ടപ്പോൾ ഈ വലിയ കേരളീയനെക്കുറിച്ച്‌ എനിക്കുണർന്ന അഭിമാനവും പ്രകടമായ ചില പ്രേരണകളെയും സ്വാധീനങ്ങളെയും അതിജീവിക്കുന്ന ആ കലാപാത്മകത ദുരന്തബോധവുമായുള്ള താതാത്മ്യത്തിലൂടെ ഞാനനുഭവിച്ച അഗാധഭ്രാതൃത്വവുമാണ് ജോണിനെക്കുറിച്ച്‌ എന്റെ ഏറ്റവുമാഴത്തിലുള്ള ഹരിതസ്മരണ .ആ ചലച്ചിത്രത്തിന്റെ ധ്വനിസാന്ദ്രമായ കാവ്യാത്മകത,ഛായാഗ്രഹണ കൗശലത്തിലൂടെ കൈവന്ന ഒരു ആനുഷംഗീകാനുഗ്രഹമായിരുന്നില്ല;നവ്യ ചലച്ചിത്ര സംസ്കാരം സ്വാംശീകരിച്ച ഭാവനാസമ്പന്നമായ ഒരു മനസ്സിന്റെ വിസ്ഫോടമായിരുന്നു,ഒരു വിഴുപ്പ്‌ ചുമന്നവന്റെ തലയോട്ടി അഗ്രഹാരത്തെ ദഹിപ്പിക്കുന്ന ചിത്രണത്തിലൂടെ മൂകസഹനത്തിന്റെ ചാപിള്ളയിൽ നിന്ന് ബോധജാഗരണത്തിന്റെ സജീവതയിലേക്ക്‌ നീങ്ങുന്ന ഒരു ജനതതിയുടെ യഥാർത്ഥ ദുരന്തത്തെയും മോഹത്തേയും ഈ ചലച്ചിത്രം സമന്വായിച്ചു. മൃത്യുവിന്റെയും അഗ്നിയുടെയും വിരുദ്ധാന്വയത്തിലൂടെ നമ്മുടെ കാലത്തെ ജീവിതത്തിന്റെയും കലയുടെയും അനിവാര്യമായ ദ്വന്ദ്വാത്മകതയുടെ പ്രാഗ്ദർശ്ശനം നൽകിക്കൊണ്ട്‌ ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയസിനിക്കാരുടെയും വിഭാഗീയതകളെയും സാധാരണകളെയും ജോൺ അതിജീവിച്ചു."ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലൂടെ"ജോൺ പരിജിതമൃത്തിക്ക്‌ മടങ്ങിവന്നു വീണ്ടും . മൃത്യു ഇക്കുറി അഗ്നിയായല്ല, ജലമായി,വേട്ടയാടുന്നവന്റെ ശങ്കാരാഹിത്യത്തിന്നും ഇരയുടെ ആജന്മത്തിന്നുമിടയിൽ സാക്ഷ്യം വഹിക്കേണ്ടിവരുന്നവന്റെ സംഭ്രാന്തിയായി,അത്‌ ചരിത്രത്തിന്റെ അച്ചടക്കമില്ലായ്മകൾക്കിടയിലൂടെ പടർന്നുകയറുന്നു.തിരക്കഥാരചനയിലൊടുങ്ങിപ്പോയ "കയ്യൂർ"ക്കഥയിലും,കലാപത്തേക്കാൾ ജോണിനെ മഥിച്ചിരുന്നത്‌ കഥാന്ത്യത്തിലെ രക്തസാക്ഷിത്വങ്ങളായിരുന്നു.തിരക്കഥ പൂർത്തിയായപ്പോൾ യഥാർത്ഥ കലാപ നായകന്മാരല്ല ആഹൂതിചെയ്യപ്പെട്ടതെന്ന തിരിച്ചറിവ്‌,അതിലെ അസംബന്ധാംശം,ഞങ്ങളെയെല്ലാം വേട്ടയാടുന്ന ഒരു പ്രഹേളികയായി. അവിടെ നിന്നു തുടങ്ങി,രക്തസാക്ഷിത്വമെന്ന സങ്കൽപ്പത്തിന്റെ തന്നെ ഒരു പുന പരിശോധനയായി തിരക്കഥ മുഴുവൻ മാറ്റിയെഴുതുന്നതിനെക്കുറിച്ചു പോലും ഞങ്ങളാലോചിക്കുകയുണ്ടായി-ജോണിന്റെ പരിപ്രേക്ഷ്യം ഞങ്ങളെ ബാധിച്ചതാണ` അതിന്ന് കാരണമെന്ന് ഇപ്പോൾ തോനുന്നുണ്ടെങ്കിലും"അമ്മ അറിയാനിൽ' വാസ്തവത്തിൽ ഈ സഹജ പ്രമേയത്തെ പിന്തുടരനായിരുന്നു ജോണിന്റെ അന്ത:പ്രേരണ .ആത്മഹത്യയും രക്തസാക്ഷിത്വവും കൊലപാതകവും എവിടെയാണ` വേർ തിരിയുന്നത്‌? വർത്തമാന സമൂഹത്തിന്റെ വൈരുദ്ധ്യങ്ങളിലൂടെ ഒരു യുവാവിന്റെ മൃത്യുവിന്റെ അർത്ഥത്തെ വേട്ടയാടാനുള്ള ഹതാശയമായ ഒരു പ്രയത്നം.ജോണിനെ രാഷ്ട്രീയ പക്വത നേടിയ ഒരിടത്പക്ഷ ചലച്ചിത്രകാരനായി വിലയിരുത്തുന്നത്‌.ജോണിന്റെ ജീവിതത്തെ ഒരു വിപ്ലവകാരിയുടെ മാതൃകാജീവിതമായി ചിത്രീകരിക്കുന്നത്പോലെത്തന്നെ അസംബന്ധമായിരിക്കും.പ്രത്യക്ഷത്തിൽ സാമൂഹ്യമായ പ്രമേയങ്ങൾ സ്വീകരിക്കുമ്പോഴും,പ്രത്യക്ഷത്തിൽ സഹകരണാത്മകമായ പ്രവർത്തനങ്ങളിൽ മുഴുകുമ്പോഴും,തന്റെ വൈയക്തികദർശ്ശനത്തിന്റെ മാദ്ധ്യമമെന്നനിലയിൽ തന്നെയാണ` ജോൺ ചലച്ചിത്രത്തെ സമീപിച്ചിരിക്കുന്നത്‌ .കയ്യൂർ തിരക്കഥ ഒരു കൂട്ടു പ്രവർത്തനത്തിലൂടെ മുഴുവനായപ്പോൾ അതിൽ പങ്കാളികളായിരുന്ന ഞങ്ങൾക്കാർക്കുമില്ലാത്ത ഒരുത്കണ്ഠ-അതിന്റെ യഥാർത്ഥ'ഓഥർഷിപ്പ്‌'ആരുടെതെന്നപ്രശ്നം-ജോണിനെ അശ്വസ്ഥ നാക്കിയിരുന്നത്‌ ഞാൻ ഓർക്കുന്നു ."അമ്മ അറിയാനെ"ക്കുറിച്ചുള്ള ആലോചനാവേളയിൽ,അതിന്റെ പ്രർത്തകരുടെ സാമുഹികശൈലീയും വിപ്ലവാത്മകലക്ഷ്യവും,ജോണിന്റെ വ്യക്തിവാദപരമായ ചലച്ചിത്ര സങ്കൽപവും തമ്മിലുള്ള ഈ വൈരുദ്ധ്യം ഞാൻ ചൂണ്ടി കാണിച്ചിരുന്നു.ആ ലഷ്യത്തോടുള്ള ആദരവോ ജോണിന്റെ സങ്കൽപ്പത്തോടുള്ള ആദരവുകേടോ അല്ല,അവയുടെ പൊരുത്തക്കേടിൽ നിന്നുൽപ്പന്നമാകുന്ന ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠമാത്രമാണ് ഇതിന്ന് പിറകിലുണ്ടായിരുന്നത്‌ .ബൂർഷ്വാ സമുദായത്തിന്റെ നാട്യങ്ങൾക്കെതിർ നിന്ന ഒരു അനാർക്കിസ്റ്റിന്റെ കാൽപനിക കലാപത്തിന് തിരശ്ശീല വീണിരിക്കുന്നു .തന്റെ പ്രമേയയത്തെ അതിന്റെ യുക്തിപരമായ അറ്റത്തോളം ആ ആത്മാർത്തതയുടെ ജ്വാല പിന്തുടർന്നിരിക്കുന്നു.സാദ്ധ്യതകൾക്കും നിറവേറലിനുമിടയിൽ പിടഞ്ഞുതീർന്ന മറ്റു മഹജ്ജീവിവിതങ്ങളെപ്പോലെ തന്നെ ദുരന്തഛായ വീണ ഒരന്ത്യം. എന്നാൽ ജോണിന്റെ പരാജയങ്ങൾപോലും'വിജയശ്രീലാളിത'രായ നമ്മുടെ പല ചലച്ചിത്രകാരന്മാരുടെയും ആരോപിത വിജയങ്ങളെക്കാൾ ധീരമായിരുന്നു. അവരുടെ ചെറു ചെറു സ്വർഗ്ഗങ്ങളുടെ കതകുകളിൽ നരഗത്തിൽ നിന്ന് തകർന്ന നെറ്റിയും തീപിടിച്ചതാടിയു മായി വരുന്ന ഒരു വിരുന്നുകാരനെപ്പോലെ ജോണിന്റെ സ്മരണ മുട്ടിക്കൊണ്ടിരിക്കും;അവരുടെ വിജയാഘോഷങ്ങളുടെ നിസ്സാരതയെക്കുറിച്ചുള്ള ഒരോർമ്മക്കുറിപ്പ്‌;ഈ ആസുര സമുതായത്തിൽ അനായാസ വിജയം നേടുന്ന എല്ലാവർക്കും ഒരു താക്കീത്‌ .

1 അഭിപ്രായം:

kadathanadan പറഞ്ഞു...

ബൂർഷ്വാ സമുദായത്തിന്റെ നാട്യങ്ങൾക്കെതിർ നിന്ന ഒരു അനാർക്കിസ്റ്റിന്റെ കാൽപനിക കലാപത്തിന് തിരശ്ശീല വീണിരിക്കുന്നു .തന്റെ പ്രമേയയത്തെ അതിന്റെ യുക്തിപരമായ അറ്റത്തോളം ആ ആത്മാർത്തതയുടെ ജ്വാല പിന്തുടർന്നിരിക്കുന്നു.സാദ്ധ്യതകൾക്കും നിറവേറലിനുമിടയിൽ പിടഞ്ഞുതീർന്ന മറ്റു മഹജ്ജീവിവിതങ്ങളെപ്പോലെ തന്നെ ദുരന്തഛായ വീണ ഒരന്ത്യം. എന്നാൽ ജോണിന്റെ പരാജയങ്ങൾപോലും'വിജയശ്രീലാളിത'രായ നമ്മുടെ പല ചലച്ചിത്രകാരന്മാരുടെയും ആരോപിത വിജയങ്ങളെക്കാൾ ധീരമായിരുന്നു. അവരുടെ ചെറു ചെറു സ്വർഗ്ഗങ്ങളുടെ കതകുകളിൽ നരഗത്തിൽ നിന്ന് തകർന്ന നെറ്റിയും തീപിടിച്ചതാടിയു മായി വരുന്ന ഒരു വിരുന്നുകാരനെപ്പോലെ ജോണിന്റെ സ്മരണ മുട്ടിക്കൊണ്ടിരിക്കും;അവരുടെ വിജയാഘോഷങ്ങളുടെ നിസ്സാരതയെക്കുറിച്ചുള്ള ഒരോർമ്മക്കുറിപ്പ്‌;ഈ ആസുര സമുതായത്തിൽ അനായാസ വിജയം നേടുന്ന എല്ലാവർക്കും ഒരു താക്കീത്‌ .